കൊച്ചി: കുറ്റവാളികളുടെ താവളമായി ടെലഗ്രാം ആപ്പ് മാറിയിരിക്കുന്നുവെന്ന് ഏഴു വര്‍ഷംമുമ്പ് സംസ്ഥാന പൊലിസ് ഹൈക്കോടതിയെ അറിയിച്ചത് ശരിവയ്ക്കുന്നതാണ് സമീപകാലത്ത് കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍.
സാധാരണ മെസേജിംഗ് ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഇവിടെ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലെന്നതാണ് കുറ്റവാളികളെ ടെലഗ്രാമിലേക്ക് അടുപ്പിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ടെലഗ്രാം ഒരു വെല്ലുവിളിയാണ്. കുറ്റവാളികളെ പിന്തുടരാന് ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലെന്നതാണ് ഇതില്‍ പ്രധാനം. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സൈബര്‍ഡോം നടത്തിയ പരിശോധനകളില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്. ഇതില്‍ പിടിക്കപ്പെടുന്നവരുടെ പ്രൊഫൈലുകളാണ് അമ്പരപ്പിക്കുന്നത്. ഭൂരിഭാഗവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും ഐടി പ്രഫഷണലുകളും വിദ്യാര്‍ഥികളും എന്തിനധികം അധ്യാപകര്‍ വരെയുണ്ട് ഈ കൂട്ടത്തില്‍.
കൊച്ചിയിലെ കേസുകൾ
ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീല രീതിയില്‍ പ്രദര്‍ശിപ്പിച്ചതിനും പണം വാങ്ങി വില്പന നടത്തിയതിനും കൊച്ചിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകളാണ്.
സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ തൃക്കാക്കര പൊലിസും 25കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കടവന്ത്ര പൊലിസും അന്വേഷണം നടത്തിവരികയാണ്. തൃക്കാക്കര കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥി ഇത്തരം റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലിസിന്റെ നിഗമനം. കേസില്‍ ഇന്നലെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്ലാക്ക്മെയിലിംഗ്
ന്യൂഡിഫിക്കേഷന്‍ പ്രക്രിയയിലൂടെ ഒരാളുടെ ചിത്രം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നഗ്നചിത്രമാക്കി മാറ്റാന്‍ സാധിക്കും. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ബോട്ടുകള്‍ ടെലഗ്രാമില്‍ സുലഭമാണ്. ഈ രീതിയില്‍ നിര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയിലിംഗ് നടത്തുന്ന മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലഗ്രാമിലെ പീപ്പിള്‍ നിയര്‍ബൈ ഫീച്ചര്‍ ഉപയോഗിച്ച് ലഹരിസംഘങ്ങള്‍ ഉപയോക്താക്കളെ കണ്ടെത്തി കച്ചവടം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്.